നോർത്ത് ഡാളസ്: ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ വരികളെഴുതി ഈണം നൽകിയ "വിശുദ്ധിതൻ താരകം' എന്ന ഭക്തിഗാന ആൽബം ഷിക്കാഗോ സീറോമലബാർ രൂപതാ മെത്രാൻ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു.
ഒക്ടോബർ നാലിന് വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാർ മിഷനിലായിരുന്നു പ്രകാശനകർമം. വിശുദ്ധയുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ പ്രഥമ മിഷനിലെ തിരുനാൾ കൊടിയേറ്റത്തോടനുബന്ധിച്ചായിരുന്നു ആൽബം പ്രകാശനം.
വിശുദ്ധ മറിയം ത്രേസ്യായോടുള്ള പ്രാർഥനാ ഗീതമായ "വിശുദ്ധിതൻ താപസ കന്യകയേ' എന്ന് തുടങ്ങുന്ന മനോഹരവും ഹൃദ്യവുമായ ഈ മെലഡി ഗാനം കെസ്റ്റർ അതിമനോഹരമായി ആലപിച്ചിരിക്കുന്നു.
അമേരിക്കയിലെ ഗാനവേദികളിൽ സുപരിചിതനും നിരവധി ഡിവോഷണൽ ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ ഒരുക്കിയ സ്കറിയ ജേക്കബ് ഇതിന്റെയും ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു.